01 July, 2025 11:00:01 AM


'പണം പിരിച്ചിട്ടും വയനാട്ടിൽ ഒരു വീട് പോലും നിര്‍മിച്ചില്ല'; യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം



ആലപ്പുഴ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന വിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചത്. വയനാട്ടിൽ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം തുടങ്ങിവെച്ചത്.

തുടര്‍ന്ന് മറ്റുജില്ലകളിലെ പ്രതിനിധികളും നേതൃത്വത്തിനെതിരായ വിമർശനം തുടർന്നു. വയനാട്ടിൽ വീടുകള്‍ നിര്‍മിക്കുന്നതിനായി ഒരു മണ്ഡലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണമെന്നായിരുന്നു നിർദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡൻ്റുമാരെ മാറ്റുമെന്നും നേതൃത്വം പറഞ്ഞിരുന്നുവെന്നും എന്നാൽ, ഭൂരിപക്ഷം കമ്മിറ്റികളും പണം നൽകിയിട്ടും വീടുപണി തുടങ്ങിയില്ലെന്നും ഇത് ആകെ നാണക്കേടായെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചിച്ചു. 

പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും സ്പോൺസർഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകൾ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. വയനാട്ടിൽ 20 വീടുകള്‍ ഡിവൈഎഫ്ഐ പൂർത്തിയാക്കിയിട്ടും യൂത്ത് കോൺഗ്രസിന് തുടങ്ങാൻ പോലുമായില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. എന്നാൽ, വിമർശനത്തിന് യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകി.88 ലക്ഷം രൂപയാണ് അക്കൗണ്ടിൽ വന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ യോഗത്തിൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937