02 July, 2025 07:46:48 PM
സിറ്റി ഓഫ് ലേണിംഗ് പട്ടണമാകാൻ കോട്ടയം; യുനസ്കോ അംഗീകാരത്തിനായി ശ്രമം ആരംഭിച്ചു

കോട്ടയം: സിറ്റി ഓഫ് ലേണിംഗ് പട്ടണമാകാൻ കോട്ടയം യുനസ്കോ അംഗീകാരത്തിനായി ശ്രമം ആരംഭിച്ചു. കോട്ടയം പട്ടണം സാക്ഷര നഗരമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചും, വിദ്യാഭ്യാസ രംഗത്തും മാധ്യമ രംഗത്തുമുള്ള അതുല്യ സംഭാവനകളും പരിഗണിച്ചാണ് പുതിയ അംഗീകാരത്തിന് ശ്രമം തുടങ്ങിയത്. അഡ്വ. ഫ്രാൻസിസ് ജോർജ് എംപിയുടെ നേതൃത്വത്തിലാണ് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ (യുനസ്കോ) അംഗീകാരത്തിനായി നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിനായി കോട്ടയം നഗരസഭ കൗൺസിൽ ശുപാർശ പാസാക്കി തുടർ നടപടിക്കായി വിദ്യാഭ്യാസ വകുപ്പ് വഴി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചു. സാക്ഷരപട്ടണമായ കോട്ടയത്തിന്റെ വിദ്യാഭ്യാസ രംഗത്തിനും ഒപ്പം അനുബന്ധ മേഖലയ്ക്കും വലിയ നേട്ടങ്ങൾ ഭാവിയിൽ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനെസ്കോയുടെ സിറ്റി ഓഫ് ലേണിംഗ് അംഗീകാരം വഴി ഗുണകരമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.