25 August, 2025 09:11:09 AM
രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെതിരെ സൈബർ ആക്രമണം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് മുൻനേതാവുമായ താരാ ടോജോ അലക്‌സിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. രാഹുൽ അനുകൂലികളുടെ നേതൃത്വത്തിലാണ് ആക്രമണം. താരയ്ക്കെതിരെ അശ്ലീല പരാമർശങ്ങൾ അടക്കം നടത്തിയാണ് സൈബർ ആക്രമണം നടക്കുന്നത്.
അശ്ലീല പരാമർശങ്ങളോടെ നിസാർ കുമ്പിള താരയുടെ പേര് സൂചിപ്പിക്കാതെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് താരയ്‌ക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ കമൻ്റുകളായി വന്നിരിക്കുന്നത്. 'ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിച്ച് സീറ്റ് ഒപ്പിക്കാൻ നോക്കിയ സ്ത്രീ രൂപത്തെ കോൺഗ്രസിൻ്റെ എല്ലാ ഒഫീഷ്യൽ ഗ്രൂപ്പുകളിൽ നിന്നും തൂക്കിയിട്ടു'ണ്ടെന്ന് പോസ്റ്റിൽ നിസാർ കുമ്പിള പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിന് താഴെ താരയുടെ പേര് അടക്കം പറഞ്ഞാണ് സൈബർ ആക്രമണം നടക്കുന്നത്.
'ഇജ്ജാതി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാത്തവളുമാരെ ഒക്കെ പിടിച്ച് മീഡിയ സെല്ലിൻ്റെ തലപ്പത്ത് കൊണ്ടുവരുമ്പോ ഒന്ന് ആലോചിക്കണമായിരുന്നു' എന്നാണ് നിസാർ കുമ്പിളയുടെ പോസ്റ്റിന് ചുവടെ വന്നിരിക്കുന്ന ഒരു കമൻ്റ്. 'അയ്യോ വലിയ എന്തോ സംഭവം ആണെന്നാ ആ തമ്പുരാട്ടിയുടെ വിചാരം', 'ഒറ്റുന്നവർക്ക് മുകളിൽ വേറെ ഒറ്റുകാരുണ്ടാകുമെന്ന് തള്ള കരുതിയില്ല', 'രാഹുൽ ഈ പ്രസ്ഥാനത്തിന് വേണ്ടി പോലീസിന്റെ പീഡനം എത്ര ഏറ്റുവാങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ടൈപ് ചെയ്യുന്നത് പോലെ എളുപ്പമല്ല സമരങ്ങൾ എന്നുള്ളത് കൊണ്ട് തന്നെ രാഹുലിനോടൊപ്പം' എന്നിങ്ങനെയാണ് കമന്റുകൾ.
എന്തുകൊണ്ടാണ് ഇരയായ പെൺകുട്ടികൾ പരാതിയുമായി പുറത്തുവരാത്തത് എന്നതിനെക്കുറിച്ചും പരാതി ഉന്നയിക്കുന്ന പെൺകുട്ടികളോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും വിശദീകരിച്ചു കൊണ്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഒരു ദിവസത്തെയോ ഒരാഴ്ച്ചത്തെയോ കുറ്റപ്പെടുത്തലുകൾക്കും കുരിശേറ്റലുകൾക്കും ശേഷം സമൂഹം പുരുഷനെ വെറുതെ വിടുകയും പിന്നീട് ജീവിതകാലം മുഴുവൻ ഒരിക്കലും തിരിച്ചുവരാൻ പറ്റാത്ത ട്രോമയിലേക്ക് പരാതി ഉന്നയിച്ച സ്ത്രീകളെ തളളിയിടുകയും ചെയ്യുന്ന വൃത്തികെട്ട വ്യവസ്ഥിതിയാണ് അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും കുറിച്ച് നിശബ്ദരായിരിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത് എന്ന് താര ടോജോ അലക്‌സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വ്യവസ്ഥിതി തിരുത്തിയതിനുശേഷം മാത്രമേ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, എന്തുകൊണ്ട് പേര് പറയുന്നില്ല, എന്തുകൊണ്ട് വിളിച്ചുപറയുന്നില്ല എന്ന ബഹളം വയ്ക്കാൻ പാടുളളുവെന്നും പരാതികൾ സമൂഹത്തിന് മുന്നിൽ ഉന്നയിച്ച സകല പെൺകുട്ടികളെയും സ്ലട്ട് ഷെയിം ചെയ്യുകയാണെന്നും അവർ പറഞ്ഞിരുന്നു.