25 August, 2025 10:17:59 AM
രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; എംഎല്‍എ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: അശ്ലീല ചാറ്റ് വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കാനാണ് നീക്കം.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.
യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണിൽനിന്ന് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. തുടർന്നു രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.