30 August, 2025 07:37:33 PM
കണ്ണപുരത്തുണ്ടായ സ്‌ഫോടനം; അനൂപ് മാലിക് എന്നയാൾക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണപുരത്തുണ്ടായ സ്‌ഫോടനത്തിൽ കേസെടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളാണ് വീട് വാടകയ്ക്കെടുത്തത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016-ൽ നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതിയാണിയാൾ.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലികിന്റെ സഹോദരനാണ് മുഹമ്മദ് ആഷാം.
കീഴറയിലെ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കു കേടുപാടുണ്ടായി. വീടുകളുടെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു. അരക്കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.