01 September, 2025 04:10:36 PM


ഗ്രാമസമൃദ്ധി 2025: മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു



കോട്ടയം: മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ കൂടുതൽ കോഴികളെ വളർത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന-മൃഗശാലാവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ശാസ്ത്രീയ രീതിയിൽ വളർത്തിയ  മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നടപ്പാക്കുന്ന ഗ്രാമസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനവും ജൈവ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്തിൽനിന്നു 25 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷമുണ്ടായ പക്ഷിപ്പനിയേത്തുടർന്ന് കർഷകർക്കുണ്ടായ നഷ്ടം നികത്താൻ സർക്കാർ അവരുടെ ഒപ്പംനിന്നുവെന്നു മന്ത്രി പറഞ്ഞു. തെരുവുനായ്ക്കൾ പെരുകുന്നതു തടയാൻ മുഴുവൻ ബ്ലോക്കുപഞ്ചായത്തുകളിലും മൊബൈൽ എ.ബി.സി. യൂണിറ്റുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മ

ണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എം. മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ റെജി എം. ഫിലിപ്പോസ്, നിബു ജോൺ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ, ഗ്രാമപഞ്ചായത്തംഗം രജിത അനീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജ്കുമാർ, ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.മാത്യു ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.വി. സുജ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോഷി ജോർജ്, എന്നിവർ പങ്കെടുത്തു.

'മൃഗസംരക്ഷണ മേഖലയിലെ ബാങ്ക് വായ്പയും നടപടിക്രമങ്ങളും' എന്ന വിഷയത്തിലും പത്തുമണി മുതൽ 'മുട്ടക്കോഴി വളർത്തൽ- സംരംഭകത്വ സാധ്യതകൾ' എന്ന വിഷയത്തിലും സെമിനാർ നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943