19 November, 2025 09:55:18 AM


ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; എൻഡിആർഎഫ് സംഘം സന്നിധാനത്ത്



പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് തുടരുന്നതിനാല്‍ പമ്പയിലെ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയില്‍ നടന്നിരുന്ന സ്‌പോട്ട് ബുക്കിങ് നിലയ്ക്കല്‍ നടക്കും. കൂടാതെ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി ബുക്കിങ് 20,000 പേര്‍ക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ മുപ്പതിനായിരത്തിലധികം ആളുകള്‍ക്ക് സ്‌പോട്ട് ബുക്കിങ് നടത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് സ്‌പോട്ട് ബുക്കിങ് കുറയ്ക്കാന്‍ തീരുമാനമായത്. സ്‌പോട്ട് ബുക്കിങ്ങിനായി അധികം ആളുകള്‍ എത്തിയാല്‍ അവര്‍ക്ക് അടുത്ത ദിവസം ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

പമ്പയില്‍ എത്തിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ദര്‍ശനം നടത്താനുള്ള അവസരമുണ്ടാകും. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കല്‍ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. എല്ലാ ഭക്തര്‍ക്കും കുടിവെള്ളം ഉറപ്പാക്കുകയും ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്‍കും. നിലയ്ക്കലില്‍ ഏഴ് ബുക്കിങ് കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത് എത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920