12 February, 2026 04:32:56 PM
"കർഷകരും തൊഴിലാളികളും തെരുവിൽ, മോദിജി കേൾക്കുന്നുണ്ടോ?": പണിമുടക്കിന് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യമാകെയുള്ള ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും തങ്ങളുടെ ശബ്ദമുയർത്താൻ തെരുവുകളിലാണെന്നും താൻ അവരുടെ ഈ പോരാട്ടത്തിനൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ തൊഴിൽ നിയമങ്ങൾ തങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് തൊഴിലാളികൾ ഭയപ്പെടുകയാണ്. ഇന്ത്യ-യുഎസ് കരാർ തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന് കർഷകർ ഭയപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം, ഗ്രാമങ്ങൾക്കുള്ള അവസാന പിന്തുണയേയും എടുത്തുകളയും. അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ ശബ്ദം കേട്ടില്ല. മോദിജി ഇനിയെങ്കിലും അവരെ കേൾക്കുമോ അതോ അവരുടെ മേലുള്ള നീരാളിപ്പിടുത്തം ശക്തമാക്കുമോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.






