22 November, 2025 08:34:48 PM
റോഡ് ബ്ലോക്കാക്കി; ചെറുതുരുത്തിയിൽ നാട്ടുകാരും വിവാഹസംഘവും തമ്മിൽ കൂട്ടത്തല്ല്

ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ വിവാഹ ആഘോഷം കലാശിച്ചത് കല്ലേറിലും കൂട്ടത്തല്ലിലും. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ വിവാഹവിരുന്നിനിടെയാണ് സംഭവം. ഓഡിറ്റോറിയത്തിലേക്കുള്ള വിവാഹപാർട്ടിയുടെ വരവ് റോഡിൽ ഗതാഗതകുരുക്കുണ്ടാക്കിയതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്.
ആഡംബരക്കാറുകൾ റോഡിൽ നിരന്നായിരുന്നു വിവാഹ ഘോഷയാത്ര. എന്നാൽ ഇതിനിടെ റോഡിൽ ഒരു ആംബുലൻസ് കുടുങ്ങിക്കിടന്നു. ഇതോടെ നാട്ടുകാർ രോഷാകുലരായി. നാട്ടുകാരും വിവാഹസംഘവും ഇരു ചേരികളിലായതോടെ പരസ്പരമുള്ള വാക്കേറ്റം കയ്യേറ്റത്തിലും ഉന്തും തള്ളിലുമെത്തി. ഇരുകൂട്ടരും പരസ്പരം കല്ലെടുത്ത് എറിഞ്ഞു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്ന ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് വിവരം. നിരവധി വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.





