23 November, 2025 11:24:09 AM
കൊച്ചിയില്‍ സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയ കേസ്; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഇതിനിടെ പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.
നേരത്തെ എസ്ഐ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് കാണിച്ച് സിവിൽ പൊലീസ് ഓഫീസർ പരാതി നൽകിയിരുന്നു. സ്പായിൽ പോയ കാര്യം ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഒയുടെ കൈയ്യിൽ നിന്ന് നാല് ലക്ഷം രൂപ എസ്‌ഐ കൈക്കലാക്കിയത്.
സിപിഒ സ്പായിൽ പോയി തിരിച്ച് വന്നതിന് പിന്നാലെ അവിടുത്തെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലാണ് എസ്‌ഐ ബൈജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടിൽ അറിഞ്ഞാൽ പ്രശ്‌നമാകുമെന്ന് എസ്‌ഐ സിപിഒയെ പറഞ്ഞ് വിശ്വസിപ്പിച്ചു. 'സ്പായിൽ പോയ കാര്യം ഭാര്യയോട് പറയുമെ'ന്ന് ഭീഷണപ്പെടുത്തി. പിന്നാലെ സിപിഒയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിൽ 2 രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്‌ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസിൽ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്ന് പേർ പ്രതികളാണ്.






