23 November, 2025 06:29:12 PM
പാലത്തായി പോക്‌സോ കേസ്: ബിജെപി നേതാവ് പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസിലെ പ്രതി ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ശേഷം ഇയാളെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.
അധ്യാപകനായ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു പത്മരാജൻ.
ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തലശ്ശേരി പോക്സോ അതിവേഗ കോടതി മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.






