26 November, 2025 10:48:58 AM


കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ



തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. ബണ്ടിചോറിനെ റെയിൽവേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ എത്തിയെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മറ്റെന്തെലും ദുരൂഹത വിവിധ സ്ഥലങ്ങളിലായി നടത്തുന്ന യാത്രയിൽ ഉണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ബണ്ടിചോറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു. അന്തരിച്ച അഭിഭാഷകന്‍ ബി എ ആളൂരിനെ കാണാന്‍ എത്തിയതെന്നാണ് ബണ്ടിചോ‍‌ർ പൊലീനോട് പറഞ്ഞത്. ആളൂര്‍ അന്തരിച്ച വിവരം ബണ്ടി ചോര്‍ അറിഞ്ഞിരുന്നില്ല. കരുതല്‍ തടങ്കലെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടി ചോര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

നേരത്തെ ഉണ്ടായിരുന്ന ഒരു കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വിട്ടുകിട്ടാനായി ഹര്‍ജി നല്‍കാന്‍ എത്തിയതാണെന്നും അഭിഭാഷകനായ ആളൂരിനെ കാണാനാണ് താന്‍ വന്നതെന്നും ബണ്ടി ചോര്‍ മൊഴി നല്‍കിയിരുന്നു. തൃശ്ശൂരില്‍ ഉണ്ടായിരുന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകള്‍, 76,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വിട്ടു കിട്ടണമെന്നായിരുന്നു ബണ്ടി ചോറിന്‍റെ ആവശ്യം.

തൃശ്ശൂരിലെ കവര്‍ച്ചാ കേസില്‍ ഇയാളെ വെറുതെ വിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. പത്തുവർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K