29 January, 2026 09:42:42 PM


സാമ്പത്തിക തട്ടിപ്പ്: എം.സി.കെ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പാലാ പോലീസിൻ്റെ പിടിയിൽ



പാലാ : അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി പണം സ്വീകരിച്ച ശേഷം പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എം സി കെ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. എം സി കെ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തൃശ്ശൂർ മുപ്ലിയം തേക്കിലക്കാടൻ വീട്ടിൽ ടി. ടി ജോസിനെ (57) യാണ് പാലാ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളായി പ്രവർത്തിച്ചു വന്നിരുന്നതും നിരവധി ആളുകളിൽ നിന്നും അമിത പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചതിന് ശേഷം പണം തിരികെ നൽകാതെ സ്ഥാപനം പൂട്ടിപ്പോകുകയായിരുന്നു.

സമാന കേസിൽ തൃശ്ശൂർ ജില്ലയിലെ നെടുപുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് തൃശ്ശൂർ ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്ന ജോസിനെ പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ തൃശ്ശൂർ ജില്ലാ ജയിലിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. എം സി കെ നിധി ലിമിറ്റഡ് പാലാ ബ്രാഞ്ചിനെതിരെ പാലാ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ഈ സ്ഥാപനത്തിനെതിരെ ചങ്ങനാശ്ശേരി, വരന്തരപ്പളളി, പുതുക്കാട്, ഗുരുവായൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുളള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956