26 January, 2026 10:58:24 AM


മുൻകാമുകന്‍റെ ഭാര്യയുടെ ശരീരത്തിൽ എച്ച്ഐവി ബാധിതരുടെ രക്തം കുത്തിവെച്ചു; യുവതി അറസ്റ്റിൽ



ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ മുന്‍ കാമുകന്റെ ഭാര്യയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിതരുടെ രക്തം കുത്തിവെച്ച യുവതിയും കൂട്ടാളികളും അറസ്റ്റില്‍. ബി ബോയ വസുന്ധര എന്ന 34കാരിയാണ് സംഭവത്തില്‍ പ്രധാന പ്രതി. ഇവരെ സഹായിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് കോംഗെ ജ്യോതി, ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മറ്റ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.

ഡോക്ടറായ യുവാവുമായി വസുന്ധര പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ യുവാവ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ വസുന്ധരയ്ക്ക് ഇക്കാര്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതോടെ നിരാശ പകയായി മാറി. തുടര്‍ന്നാണ് ഇവർ യുവാവിൻ്റെ ഭാര്യയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധയുള്ള രക്തം കുത്തിവെച്ചത്.

ഡോക്ടറും അസിസ്റ്റന്റ് പ്രൊഫസറുമാണ് ഇരയായ യുവതി. ഇവരെ ആശുപത്രിയിലാക്കാനായി വസുന്ധര കൃത്രിമ റോഡപകടം സൃഷ്ടിക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടുപേര്‍ ഇടിച്ച് തെറിപ്പിച്ചു. യുവതി നിലത്ത് വീണപ്പോള്‍ സഹായിക്കാനെന്ന വ്യാജേന വസുന്ധര അവിടേക്കെത്തി. ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി. എന്നാല്‍ തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് യുവതി ഇറങ്ങാന്‍ ശ്രമിച്ചു. അപ്പോഴേക്കും വസുന്ധര യുവതിയുടെ ശരീരത്തില്‍ രക്തം കുത്തിവെച്ചിരുന്നു. പിന്നാലെ യുവതിയും ഭർത്താവും വസുന്ധരയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുകയും അന്വേഷണത്തിന് പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സുഹൃത്തായ നഴ്‌സ് ജ്യോതിയായിരുന്നു വസുന്ധരയ്ക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന എയ്ഡ്സ് രോഗികളുടെ രക്തം നൽകിയത്. ഇവരുടെ മക്കളാണ് വാഹനാപകടമുണ്ടാക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ നാല് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K