07 February, 2026 01:37:36 PM
ചെന്നൈ വിമാനത്താവളത്തിൽ 23 കോടിയുടെ കഞ്ചാവുമായി മലയാളി യുവാക്കൾ പിടിയിൽ

ചെന്നൈ : തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് വിമാനമാർഗ്ഗം കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച ആറ് മലയാളി യുവാക്കളെ കസ്റ്റംസ് പിടികൂടി. പിടിയിലായവർ ഐടി ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾ രണ്ട് സംഘങ്ങളായി രണ്ട് വിമാനങ്ങളിലാണ് ചെന്നൈയിൽ എത്തിയത്. ഇവരിൽ നിന്നും 23 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 23 കോടി രൂപ വിലമതിക്കും.
ആദ്യ വിമാനത്തിലെത്തിയ നാലംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ ഇവരുടെ ബാഗേജുകൾ വിശദമായി പരിശോധിച്ചു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി ഒളിപ്പിച്ച നിലയിൽ 15 കിലോ ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവാണ് ആദ്യ സംഘത്തിൽ നിന്ന് കണ്ടെത്തിയത്.
തുടർന്ന് ശനിയാഴ്ച പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ രണ്ടാമത്തെ സംഘത്തിലെ രണ്ട് യുവാക്കളെ കൂടി പരിശോധിച്ചപ്പോൾ എട്ട് കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആറ് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സാധാരണ കഞ്ചാവിനേക്കാൾ വീര്യം കൂടിയതും ലഹരി കൂടുതലുള്ളതുമായ ഇനമാണ് ഹൈഡ്രോപോണിക് കഞ്ചാവ്. കൃത്രിമ സാഹചര്യത്തിൽ വെളിച്ചവും വെള്ളവും ക്രമീകരിച്ചു വളർത്തുന്ന ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയാണുള്ളത്.






