05 August, 2026 07:48:59 PM


നാട്ടകം ട്രാവൻകൂർ സിമന്റ്സ്: പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ തേടി ഉന്നതതല യോഗം



തിരുവനന്തപുരം: കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിയമസഭാ മന്ദിരത്തിലുള്ള ബഹു. സ്പീക്കറുടെ ഓഫീസിൽ വെച്ചായിരുന്നു ഇന്ന് യോഗം ചേർന്നത്.

2026 ഏപ്രിൽ മാസത്തോടെ പ്രവർത്തനം നിലച്ച ഈ വ്യവസായ സ്ഥാപനത്തിന്റെ നിലവിലെ സ്ഥിതിഗതികളും പ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്നും കമ്പനി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത രീതികൾക്ക് അപ്പുറം, ഈ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പുതിയ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് യോഗത്തിൽ നിർദ്ദേശം നൽകി. ഈ വിഷയത്തിൽ സാധ്യമായ എല്ലാ ക്രിയാത്മക നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും തുടർന്നും ഉണ്ടാകുമെന്ന് വ്യവസായ ഐടി വകുപ്പ് മന്ത്രി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927