06 August, 2026 05:24:22 PM


കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം



തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി വൻ അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർഥിനി അടക്കം രണ്ടുപേർ മരിച്ചു. പന്നിത്തടം സ്വദേശി റിയ ഫാത്തിമ (18) ആണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.കുന്നംകുളം പാറേമ്പാടത്ത് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ വിറങ്ങലിപ്പിച്ച ദുരന്തമുണ്ടായത്.

കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേക്ക് അമിതവേഗതയിലെത്തിയ സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിലുണ്ടായിരുന്ന കാർ, ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനവും ദൃക്‌സാക്ഷികളുടെ മൊഴിയും. തുടർച്ചയായി വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിലയുറപ്പിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടം നടന്നയുടൻ പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനും മറ്റ് വാഹനങ്ങൾക്കുമിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. അപകടത്തെ തുടർന്ന് കുന്നംകുളം-തൃശൂർ സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950