11 August, 2026 06:36:09 PM
സുരേഷിന് മേൽ പൂർണവിശ്വാസം; ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ- രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതിൽ ബിജെപി ശക്തമായ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ബിജെപിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷിന് മേൽ പൂർണവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. കോർ കമ്മിറ്റിയിൽ അഡ്വ.എസ് സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണമായും തെറ്റാണ്. പാർട്ടി പ്രവർത്തകരും അനുഭാവികളും നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴില്ലെന്നുറപ്പാണ്. എന്നാൽ പൊതു സമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കിൽ അതു പരാജയപ്പെടും.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് നിരവധി തവണ മാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാൽ വീണ്ടും വീണ്ടും, നടക്കാത്ത ചർച്ചകൾ നടന്നു എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ തുടരുന്നത് മാധ്യമ ധർമമല്ല. നടന്നിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്, നൂറ്റാണ്ടിലധികമായി സമൂഹത്തിൽ വിശ്വാസ്യത നേടിയ മാധ്യമങ്ങൾ പോലും വസ്തുതയുടെ ഒരു ശതമാനം പോലുമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദൗർഭാഗ്യകരമാണ്.






