10 February, 2026 04:09:23 PM


ഇതരസംസ്ഥാന തൊഴിലാളികളിൽ എച്ച് ഐ വി ബാധ വ്യാപകമാകുന്നു; മലയാളികൾ ആശങ്കയിൽ



കൊച്ചി: പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളിൽ എച്ച്ഐവി ബാധ വ്യാപിക്കുന്നതിൽ ആശങ്കാകുലരായി നാട്ടുകാർ. 15 പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ച വാർത്ത പരന്നതോടെ പെരുമ്പാവൂരിൽ മാത്രമല്ല, കേരളത്തിലാകമാനം ഇതരസംസ്ഥാനതൊഴിലാളികൾ സംശയത്തിൻ്റെ നിഴലിലാണ്. 

പെരുമ്പാവൂരിൽ എച്ച്ഐവി രോഗബാധ വർധിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. രോഗ ബാധിതരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളുമെല്ലാം ഉൾപ്പെടുന്നുണ്ട്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. എന്നാൽ യാതൊരു കരുതലുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായി പെരുമ്പാവൂരിനെ മാറ്റുന്നതിന് എല്ലാ ഒത്താശയും ചെയ്ത സർക്കാരിനെയാണ് ജനങ്ങൾ കുറ്റപ്പെടുത്തുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 15 പേരിൽ നിന്നും കൂടുതൽ പേരിലേക്ക് രോഗം വ്യാപിച്ചിരിക്കാമെന്നും അത് വൻ ദുരന്തത്തിന് വഴിയൊരുക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നു. രോഗികളെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും രോഗവിവരം പുറത്തറിഞ്ഞാൽ ഒറ്റപ്പെടുത്തുന്നത് ഭയന്ന് പലരും ഇക്കാര്യം മറച്ചുവെച്ച് താമസം മാറിപ്പോകുന്നതായും വ്യക്തമായിട്ടുണ്ട്.

ലഹരിയുടെയും പെൺവാണിഭത്തിൻ്റെയും കേന്ദ്രമായി പെരുമ്പാവൂർ മാറി കഴിഞ്ഞു. പട്ടാപകൽ പൊതുഇടങ്ങളിൽ കൂട്ടംകൂടിയിരുന്ന് മദ്യപിക്കുന്നതും പുകവലിക്കുന്നതുമൊക്കെ ശ്രദ്ധയിൽപെട്ടിട്ടും പോലീസും ഭരണാധികാരകളും നിസംഗത പാലിക്കുന്നുവെന്നാണ് ആരോപണം. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതാണ്  രോഗവ്യാപനത്തിന് പ്രധാന കാരണമെന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായ ലൈംഗിക തൊഴിലും രോഗം പടരാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ ബോധവത്കരിക്കാനും കണ്ടെത്താനും ഭാഷാ പരിമിതിയടക്കം വെല്ലുവിളികൾ ഏറെയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K