26 March, 2026 12:47:34 PM


ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി



കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാജിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയത്. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2017-ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തായിരുന്നു ശബരിമലയിലെ കൊടിമരം പുനർനിർമ്മിച്ചത്. നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം വിനിയോഗിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നുള്ള അന്വേഷണത്തിൽ നിർമ്മാണത്തിനായി ഭക്തർ നൽകിയ സ്വർണ്ണത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും ലഭിച്ച മുഴുവൻ സ്വർണ്ണവും കൊടിമരത്തിൽ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923