03 April, 2026 05:00:44 PM


സ്ത്രീയെ ശല്യം ചെയ്ത മൂന്ന് പേർക്ക് നേരെ വെടിയുതിർത്ത് മലയാളി; ഒരാൾ കൊല്ലപ്പെട്ടു



മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ സ്ത്രീയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത അക്രമിസംഘത്തെ മലയാളി വെടിവച്ചു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവെച്ച മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്.

രാവിലെ 11.30 ഓടെ കൈലാഷ് നഗറിലെ സ്‌കൂളിന് മുന്നില്‍ വെച്ച് അബ്ദുള്‍ ഹസന്‍ ഷെയ്ഖ്, അക്ബര്‍ അബ്ദുള്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. കുറച്ച് നാളുകളായി ഇവര്‍ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. ഇന്നലെയും അക്രമികള്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയന്‍ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ജയന്‍ ഇവരെ വെടി വെച്ചത്. താന്‍ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്ന് ജയന്‍ പറഞ്ഞു

ജയന്‍ കരസേനയില്‍ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ അബ്ദുള്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവരെ കല്‍സേക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K