22 May, 2026 12:08:20 PM


പരോളിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതിയായ ബോളിവുഡ് നടൻ ഹേമന്ത് മോദി പിടിയിൽ



അഹമ്മദാബാദ്: കൊലക്കേസ് പ്രതിയായ ബോളിവുഡ് നടൻ ഹേമന്ത് മോദിയെ 12 വര്‍ഷത്തിന് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും മുൻനിര നടന്മാരോടൊപ്പം അഭിനയിച്ച ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസിനെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾക്ക് 2014 ജൂലൈ 25നാണ് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്. എന്നാൽ പരോൾ കാലാവധി അവസാനിച്ചിട്ടും ഇയാൾ ജയിലിലേക്ക് തിരികെ എത്തിയിരുന്നില്ല. പിന്നാലെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിക്കുകയായിരുന്നു.

2005ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിലാണ് ഹേമന്ത് മോദി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2005 ജൂൺ 15ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമത്തിൽ നരേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. 2008 ഓ​ഗസ്റ്റ് 27ന് കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

മെഹ്‌സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് പരോളിനിറങ്ങുന്നത്. ഒളിവിൽ പോയ ഹേമന്ത് മോദി പിന്നീട് പേരുമാറ്റി സിനിമ-ടെലിവിഷൻ രംഗത്ത് സജീവമാകുകയായിരുന്നു. ഈ 12 വർഷത്തെ ഒളിവുജീവിതത്തിനിടയിൽ ഇയാൾ പ്രമുഖ ബോളിവുഡ് ചിത്രങ്ങളായ ആമിര്‍ ഖാൻ നായകനായ 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' , രൺവീർ സിങ് ചിത്രം 'ജയേഷ്ഭായ് ജോർദാർ' എന്നിവയിലും പ്രശസ്ത ടെലിവിഷൻ പരമ്പരയായ 'വാഗ്ലെ കി ദുനിയ'യിലും അഭിനയിച്ചു. ലാഹോർ 1947, എൽ2: എമ്പുരാൻ എന്നിവയുൾപ്പെടെയുള്ള പ്രോജക്ടുകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937