29 May, 2026 07:12:36 AM


താമരശ്ശേരിയില്‍ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍



കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍ മദ്രസയിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച പരാതിയിലാണ് പോലീസ് നടപടി.

14 കാരിയായ പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ പ്രതി, രണ്ടുതവണയാണ് കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസയിലെ നിസ്‌കാര മുറിയില്‍ വച്ചായിരുന്നു ആദ്യ അതിക്രമം. ഇതിനുശേഷവും ശല്യം തുടര്‍ന്ന പ്രതി, സെപ്റ്റംബര്‍ 22-ന് മദ്രസ പള്ളിയിലെ വാട്ടര്‍ പ്യൂരിഫയറിന് സമീപം വച്ച് വീണ്ടും ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

കുട്ടി നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ശിശുസംരക്ഷണ ഓഫീസില്‍ നിന്നും പോലീസിന് പരാതി കൈമാറുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ കൊടുവള്ളി പോലീസ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944