19 June, 2026 01:38:08 PM


ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. റീന എത്തി, സ്ഥാനം ഒഴിയാതെ ഡോ. മീനാക്ഷി



തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെച്ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ തെരുവ് യുദ്ധത്തിന് സമാനമായ തർക്കവും നാടകീയ രംഗങ്ങളും. എന്ത് സംഭവിച്ചാലും താൻ ഇരിക്കുന്ന ഔദ്യോഗിക കസേര വിട്ടുതരില്ലെന്ന കർശന നിലപാടിൽ താല്ക്കാലിക ചുമതലയുള്ള ഡോ. മീനാക്ഷി ഉറച്ചുനിന്നതോടെ, ട്രൈബ്യൂണൽ ഉത്തരവുമായി ഔദ്യോഗികമായി ചുമതലയേൽക്കാനെത്തിയ ഡോ. റീനയ്ക്ക് സീറ്റിലിരിക്കാനാകാതെ നിരാശയോടെ മടങ്ങേണ്ടി വന്നു. കോടതി വിധിയുമായി ചുമതല ഏറ്റെടുക്കുന്നതിനായി റീന ഓഫീസിൽ എത്തിയപ്പോഴാണ് ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഉലച്ച നാടകീയ സംഭവങ്ങളുടെ തുടക്കം. എന്നാൽ നിലവിൽ താല്ക്കാലിക ചുമതലയുള്ള മീനാക്ഷി ചുമതല വിട്ടു നൽകാൻ ഒരുക്കമായിരുന്നില്ല.

ജൂണ്‍ 12നാണ് ആരോഗ്യവകുപ്പ് ഡയറക്ടറിന്റെ സ്ഥാനത്തുനിന്ന് ഡോക്ടര്‍ കെ ജെ റീനയെ മാറ്റി ആരോഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഇതിനെതിരെ കെ ജെ റീന ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പകര്‍ച്ചവ്യാധി സമയത്ത് 15 ദിവസത്തെ അവധി അപേക്ഷിച്ചതിനാല്‍ സ്ഥലംമാറ്റം എന്ന് ആരോഗ്യവകുപ്പ് ആദ്യം ഉത്തരവിറക്കിയെങ്കിലും കാലാവധി കഴിഞ്ഞതിനാല്‍ നടപടി എന്നായിരുന്നു പിന്നീടുള്ള വിശദീകരണം. 

യുഡിഎഫ് സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ ആരോ​ഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു ആരോ​ഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ വാ​ദം. പകരം അഡീഷണൽ ഡയറക്ടറായ ഡോ വി മീനാക്ഷിയ്ക്ക് ചുമതല നൽകിയിരുന്നത്. തുടർന്നാണ് സർക്കാർ നിലപാടിനെതിരെ റീന രം​ഗത്തെത്തിയത്. സംസ്ഥാനത്ത് ഷി​ഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ സ്ഥലം മാറ്റിയത്.  എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നിൽ വ്യക്തമാക്കി. ഇതോടെ ഉത്തരവ് ട്രിബ്യൂണൽ സ്‌റ്റേ ചെയ്യുകയായിരുന്നു.  


 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935