20 June, 2026 02:10:23 PM


വി ഡി സതീശന്‍ അഹങ്കാരി; കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല- ജി സുകുമാരന്‍ നായര്‍



കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്‍ വിചാരിച്ചാല്‍ എന്‍എസ്എസിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും എന്‍എസ്എസിന് നല്‍കിയില്ല. സതീശന്‍ അഹങ്കാരിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസ് ബജറ്റിനിടെയായിരുന്നു വിമര്‍ശനം. രണ്ടുതവണ അനുമതി തേടിയിട്ടും മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയിരുന്നില്ല. പിന്നാലെയാണ് രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്.

ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയകാല പരാമര്‍ശങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പണ്ട് പലതവണ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി അഹങ്കാരിയായ രീതിയില്‍ പ്രവര്‍ത്തിച്ചതെന്നാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രധാന വിമര്‍ശനം.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി രണ്ടുതവണ എന്‍എസ്എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇന്‍കം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍, രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പെരുന്നയില്‍ ഇന്ന് ചേര്‍ന്ന എന്‍എസ്എസ് വാര്‍ഷിക ബജറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K