12 July, 2026 09:21:30 PM
ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; മക്കളെ ഷോക്കടിപ്പിച്ച് കൊന്ന് പിതാവ് ജീവനൊടുക്കി

ചെന്നൈ: തൂത്തുക്കുടിയില്‍ മക്കളുടെയും തന്റെയും ശരീരത്തിൽ ഇലക്ട്രിക് വയർ കെട്ടി ഷോക്കടിപ്പിച്ച് 40കാരൻ ജീവനൊടുക്കി. പുതുക്കോട്ടയ്ക്കടുത്തുള്ള സവേരിയാര്‍പുരത്ത് വെള്ളിയാഴ്ച യായിരുന്നു സംഭവം. ട്രക്ക് ഡ്രൈവറായ മേരി മൈക്കിള്‍, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ മേരി നിരോഷ (14), ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകന്‍ മേരി കെനിസ്റ്റണ്‍ (12) എന്നിവരാണ് മരിച്ചത്.
ഭാര്യ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിനെ തുടര്‍ന്ന് മൈക്കിള്‍ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുമ്പാണ് മൈക്കിളിന്റെ ഭാര്യ കുടുംബം ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയത്. ഇതില്‍ മൈക്കിള്‍ വിഷാദത്തിലായിരുന്നു. തുടര്‍ന്ന് ജോലിക്ക് പോകുന്നത് നിര്‍ത്തി. കുടുംബം പുലർത്തുന്നതിനായി ഇടയ്ക്കിടെ പെയിന്റിംഗ് ജോലികള്‍ ചെയ്തു.
വെള്ളിയാഴ്ച മൈക്കിള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം ഉറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികളുടെ ശരീരത്തില്‍ ഇലക്ട്രിക് വയറുകള്‍ കെട്ടി. ശേഷം ഇതേ വയര്‍ തന്റെ ശരീരത്തിലും ചുറ്റി ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം താമസിക്കുകയായിരുന്ന മൈക്കിളിന്റെ പിതാവ് 75 വയസ്സുള്ള ആന്റണി മുത്തു മുറിക്ക് പുറത്ത് ഉറങ്ങുകയായിരുന്നു.
ശനിയാഴ്ച ഉച്ചവരെ വാതില്‍ തുറക്കാതിരുന്നതോടെ അദ്ദേഹം അയല്‍വാസികളെ വിവരം അറിയിച്ചു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പുതുക്കോട്ടൈ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ദാരുണമായ സംഭവം കണ്ടത്.





