22 July, 2026 10:13:00 AM


അൽഫാമിന്‍റെ അളവിനെച്ചൊല്ലി തർക്കം; അടിമാലിയിൽ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം



അടിമാലി: ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അടിമാലിയിൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏ‌‌‌റ്റുമുട്ടി. ആക്രമണത്തിൽ ഹോട്ടൽ സൂപ്പർവൈസർ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

അടിമാലി ജെന്ന റസിഡൻസിയിലെ സൂപ്പർവൈസർ മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചുതുണ്ടിയിൽ അനന്ദു (27), അന്യസംസ്ഥാനത്തൊഴിലാളി മുർഷിദുൽ ഇസ്‌ലം (25) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്‌ക്കും ശരീരത്തിലും സാരമായി പരിക്കേറ്റ നിഷാദിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുൺ സോമൻ (24), ലക്കിടി സ്വദേശി അലി അക്‌ബർ (19), പാലപ്പുറം സ്വദേശി മുഹമ്മദ് റിസാൻ (19) എന്നിവരാണ് അറസ്റ്റിലായത്. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 22 അംഗ സംഘമാണ് ജെന്ന റസിഡൻസിയിൽ എത്തിയത്. ടൂർ പാക്കേജ് ഏജൻസി വഴിയാണ് ഇവർക്കായി ഭക്ഷണവും താമസവും ക്രമീകരിച്ചിരുന്നത്. അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളാണ് മുൻകൂട്ടി ഓർഡർ നൽകിയിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916