14 September, 2026 12:56:07 PM
മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജി; ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മാണി സി കാപ്പനും ഹൈക്കോടതിയുടെ നോട്ടീസ്. ചെക്ക് കേസില്‍ എംഎല്‍എ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിക്കാരനും മുംബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നല്‍കണമെന്നും ഹൈക്കോടതി നിർദേശമുണ്ട്. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
നാല് കേസുകളിലായി മാണി സി കാപ്പന് മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. രണ്ട് വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജനപ്രതിനിധിയെ അയോഗ്യനാക്കേണ്ടതാണ്. എന്നാലിവിടെ അത്തരം നടപടികളൊന്നും നടപ്പാക്കിയില്ലെന്നതാണ് ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലെ പരാതി. മൂന്നര വര്‍ഷം ശിക്ഷ അയോഗ്യതയ്ക്ക് മതിയായ കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന ചൊവ്വാഴ്ച്ചയാണ് ഹര്‍ജി കോടതി പരിഗണിക്കുക. അന്ന് സംസ്ഥാന സര്‍ക്കാരും ചീഫ് സെക്രട്ടറിയും സ്പീക്കറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹര്‍ജിയില്‍ മറുപടി നല്‍കണം.
മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നേരത്തെ കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. പിന്നാലെ ഈ വാറണ്ട് പിന്‍വലിച്ചിരുന്നു. കാപ്പന്‍ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പന്‍ തട്ടിയെടുത്തുവെന്നാണ് കേസ്. ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മാണി സി കാപ്പന്റെ നീക്കം.






