29 August, 2026 10:15:42 AM


തൃശൂർ നഗരം ഇന്ന് 'പുലികൾക്ക്' സ്വന്തം: ഒമ്പത് സംഘങ്ങളായി 450 പുലികള്‍



തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. വൈകിട്ട് 4 മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. താളമേളങ്ങള്‍ക്കൊപ്പമാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.

9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. വിയ്യൂര്‍ യുവജനസംഘം, കുട്ടന്‍കുളങ്ങര ദേശം, പാട്ടുരായ്ക്കല്‍ ദേശം, പൂങ്കുന്നം സീതാറാം മില്‍ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോള്‍ ദേശം എന്നിവയാണ് ഇത്തവണത്തെ പുലിമടകള്‍. ഇതില്‍ ഒളരിക്കര ദേശം ഇതാദ്യമായാണ് ചുവടുവയ്ക്കുന്നത്. ഓരോ സംഘങ്ങളിലും 35 മുതല്‍ 51 വരെ പുലിക്കളി കലാകാരന്മാരും വാദ്യ സംഘത്തില്‍ 25 മുതല്‍ 35 വരെ അംഗങ്ങളുമുണ്ടാകും.

ഉച്ചയ്ക്ക് രണ്ടോടെ ദേശങ്ങളില്‍ നിന്നുള്ള പുലിക്കളി യാത്ര ആരംഭിക്കും. വൈകിട്ട് 4-ന് സ്വരാജ് റൗണ്ടിലെ ബിനി ജങ്ഷനില്‍ മന്ത്രി ഒജെ. ജനീഷ് ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. വൈകിട്ട് 4 മണിക്ക് വിയ്യൂര്‍ യുവജനസംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തും. ഏറ്റവും ഒടുവിലായി രാത്രി 7.20-ന് അയ്യന്തോള്‍ ദേശവും പ്രവേശിക്കും. രാത്രി 10 ഓടെ ആഘോഷവും വിധിനിര്‍ണയവും പൂര്‍ത്തിയാകുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302