24 October, 2026 07:06:36 PM


മകനെ മർദിച്ചെന്ന കേസിൽ 13 വർഷം ഒളിവിൽ കഴിഞ്ഞ മാതാവ് അറസ്റ്റിൽ; പരാതി പിൻവലിച്ച് മക്കൾ



കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത മകനെ മർദിച്ചെന്ന കേസിൽ ജാമ്യമെടുത്ത ശേഷം 13 വർഷമായി ഒളിവിൽ കഴിഞ്ഞ യുവതി ഒടുവിൽ പോലീസ് പിടിയിലായി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി.പി. ആയിശാബി (44) ആണ് തിരുവല്ലയിൽ വെച്ച് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ചിറ്റാരിക്കാൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എന്നാൽ, അറസ്റ്റിന് പിന്നാലെ കോടതിയിലെത്തിയ മകനും മകളും കേസ് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ ഇവർക്ക് കോടതി വീണ്ടും ജാമ്യം അനുവദിച്ചു.

2013-ൽ 12 വയസ്സുള്ള മകനെ മർദിച്ചെന്ന പരാതിയിലാണ് ചിറ്റാരിക്കാൽ പോലീസ് ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കേസെടുത്തത്. അന്ന് ചിറ്റാരിക്കാൽ മേഖലയിലെ കമ്പല്ലൂരിൽ തയ്യൽക്കട നടത്തുകയായിരുന്ന ആയിശാബിക്കെതിരെ ഭർത്താവ് പത്മനാഭനാണ് പോലീസിൽ പരാതി നൽകിയിരുന്നത്. മകനെയും ഇളയ മകളെയും ഭർത്താവ് തയ്യൽക്കടയിൽ എത്തിച്ചതിന് പിന്നാലെയാണ് തർക്കവും മർദനവുമുണ്ടായത്.

തുടർന്ന് അറസ്റ്റിലായ ഇവർക്ക് ജാമ്യത്തിന് ആളില്ലാത്തതിനാൽ റിമാൻഡ് ചെയ്യപ്പെട്ടു. ഒരു ദിവസത്തെ ജയിൽവാസത്തിന് ശേഷം ബന്ധുക്കളുടെ സഹായത്തോടെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതോടെ കുടുംബജീവിതം തുടരാൻ കഴിയാത്ത സാഹചര്യം വന്നതുകൊണ്ടാണ് നാടുവിട്ടതെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കി. ഇതിനിടയിൽ മകൻ പിതാവിനൊപ്പവും മകൾ മുത്തശ്ശിക്കൊപ്പവുമാണ് വളർന്നത്.

വർഷങ്ങളായി ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനായി കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അന്വേഷണമാണ് വഴിതിരിവായത്. എറണാകുളത്തെ ഒരു ഹോം നഴ്സ് ഏജൻസിയിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. പേര് 'അമായ' എന്ന് മാറ്റിയിരുന്നെങ്കിലും ഔദ്യോഗിക രേഖകളിൽ ആയിശാബി എന്ന് തന്നെയായിരുന്നു.

കാലിന് പൊട്ടലേറ്റ 75 വയസ്സുള്ള വയോധികയെ പരിചരിക്കുന്ന ജോലിക്കിടെ സിവിൽ പോലീസ് ഓഫീസർ വി.വി. അജയൻ്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 21 ബുധനാഴ്ച തിരുവല്ലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ പേരിലുള്ള സിം കാർഡും വാട്സ്ആപ്പ് കോളുകളും മാത്രം ഉപയോഗിച്ചിരുന്ന പ്രതിയെ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944