27 October, 2026 02:50:13 PM
കഴക്കൂട്ടത്ത് കുട്ടിയെ കൊണ്ട് കാറോടിപ്പിച്ച സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുട്ടിയെ കൊണ്ട് കാറോടിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി, ആർടിഒ എന്നിവരോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇന്നു രാവിലെയാണ് കുട്ടി കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഡ്രൈവിങ് സീറ്റിൽ ഒപ്പം ഇരുത്തി കുട്ടിയെ കൊണ്ട് സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിനു സമീപത്തുകൂടി പോയ യാത്രക്കാരായ കൊല്ലം സ്വദേശികളാണ് ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോട്ട് റോഡിലാണ് സംഭവം. വാഹനങ്ങൾ ചീറിപായുന്ന റോഡിലൂടെയാണ് കുട്ടിയെ ഇരുത്തി യാത്ര നടത്തിയത്. ഒരു സമയം വരെ കുട്ടി തന്നെയാണ് സ്റ്റിയറിങ് നിയന്ത്രിക്കുന്നത്.




