15 May, 2019 12:09:37 PM


നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയില്‍ വഴിത്തിരിവ്; ലേഖയുടെ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ അമ്മയുടെയുടെയും മകളുടെയും മരണത്തില്‍ വഴിത്തിരിവ്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന തരത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സ്ത്രീധനത്തിന്റെ പേരില്‍ ചന്ദ്രനും ബന്ധുക്കളും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 


ചന്ദ്രന്റെ ഭാര്യ ലേഖ(40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വീടിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈഷ്ണവി തത്ക്ഷണം മരിച്ചു. ലേഖ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. എ​ന്റെയും മോളുവിന്റെയും മരണകാരണം ചന്ദ്രനും, കശിയും, കൃഷ്ണമ്മയുമാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മന്ത്രവാദം ഉള്‍പ്പെടെ ഈ വീട്ടില്‍ നടത്തിയിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. 


ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്നതാണ് വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നു. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.


നെയ്യാറ്റിൻകര കനറാ ബാങ്ക് ശാഖയിൽ നിന്ന്  അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി. ചന്ദ്രന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തിനോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറഞ്ഞത്.


ഇവര്‍ ആത്മഹത്യ ചെയ്തത് ബാങ്കിന്‍റെ ജപ്തിഭീഷണി മൂലമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ബാങ്ക് മാനേജര്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ബാങ്കല്ല, പകരം ഇവരുടെ കുടുംബപ്രശ്നമാണ് ഇവരുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കികൊണ്ടുള്ള സന്ദേശങ്ങള്‍ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും മറ്റും ഇന്നലെ തന്നെ സമൂഹമാധ്യമങ്ങലില്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും ആത്മഹത്യാ കുറിപ്പ് പുറത്തുവന്നത്. ഇതോടെ ലേഖയുടെ ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും കസ്റ്റഡ‍ിയിലെടുക്കുകയായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K