22 June, 2019 10:11:10 PM


അവസാനം 'ജികെ'യെ കുരുക്കി എക്സൈസ് സംഘം; ആഡംബര കാറിൽ കടത്തിയത് കോടികളുടെ ലഹരിമരുന്ന്




തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 20 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകൾ എക്സൈസ് സംഘം തിരുവനന്തപുരത്ത്  പിടികൂടി. കോവളം-കഴക്കൂട്ടം ബൈപാസിൽ വാഴമുട്ടം ഭാഗത്ത് വച്ചാണ് ജികെ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കോട്ടയം ഓണംതുരുത്ത് സ്വദേശി ചക്കുപുരക്കൽ വീട്ടിൽ  ജോർജ്കുട്ടി(34) അറസ്റ്റിലായത്. കാറിന്‍റെ അടിഭാഗത്തു പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 20 കിലോ ഹഷീഷ് ഓയിൽ, രണ്ടരക്കിലോ കഞ്ചാവ്, 240 ഗ്രാം ചരസ്സ് എന്നിവയാണ് പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ഹഷീഷും കഞ്ചാവും ചരസ്സും കൂട്ടാളികൾ മുഖേന കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചു വിൽപനയ്ക്കെത്തിക്കുന്നതാണ് രീതി.

 

പൊലീസ് ഓഫിസറെ മാരകമായി കുത്തിപ്പരുക്കേൽപിച്ചത് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതിയാണ് ഇയാൾ. കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കാന്‍ വിലക്കുള്ള ഇയാള്‍ ഇപ്പോൾ ബംഗളൂരുവിലാണ് താമസം. ആന്ധ്രയിലെ ലഹരി മാഫിയയുമായി  ജോർജ്കുട്ടി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എക്സൈസ് സംഘം വ്യക്തമാക്കി.  സാധാരണ കേരളത്തിലേക്കു വരാത്ത ഇയാൾ കോടികളുടെ ഇടപാടായതിനാലാണു നേരിട്ട് എത്തിയത്. പ്രതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലുള്ള കൂട്ടാളികൾക്കെതിരെയുള്ള നീക്കവും സ്‌ക്വാഡ് ശക്തമാക്കിയിട്ടുണ്ട്. 


രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന തല എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നു ശേഖരം കണ്ടെത്തിയത്. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ ജി.കൃഷ്ണകുമാർ, എ.പ്രദീപ് റാവു, കെ.വി.വിനോദ്, ടി.ആർ. മുകേഷ്‌കുമാർ, പ്രിവന്‍റീവ് ഓഫിസർമാരായ എസ്. മധുസൂദനൻ നായർ, വി.എസ്.ദീപുകുട്ടൻ, ജി.സുനിൽ രാജ്, പി.എസ്. ബൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.കൃഷ്ണപ്രസാദ്‌, എസ്.സുരേഷ്ബാബു, എ.ജസീം, പി.സുബിൻ, വി.ആർ.ബിനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K