09 December, 2019 01:34:47 PM


നിറത്തിന്‍റെ സൗന്ദര്യം പൊളിച്ചെഴുതണം; 'കറുപ്പിന്‍റെ റാണി' സോസിബിനി ടുന്‍സിയ്ക്ക് വിശ്വസുന്ദരി കിരീടം



അറ്റ്‌ലാന്‍റാ: ലോകത്ത് നിലനില്‍ക്കുന്ന നിറത്തിന്‍റെ സൗന്ദര്യം പൊളിച്ചെഴുതണമെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വിശ്വസുന്ദരി പട്ടം അണിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി. യുഎസിലെ അറ്റ്‌ലാന്‍റയില്‍ സുന്ദരികള്‍ നിറഞ്ഞൊഴുകിയ പ്രൗഢഗംഭീര ചടങ്ങിലാണ് 26 കാരിയായ ദക്ഷിണാഫ്രിക്കന്‍ സുന്ദരി വിശ്വസുന്ദരി കിരീടം അണിഞ്ഞത്. മത്സരത്തില്‍ മിസ് പ്യൂറട്ടോറിക്കോ, മിസ് മെക്‌സിക്കോ എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്‍ഡ് റണ്ണറപ്പുമായി.


വെള്ളിയും നീലയും ഇടകലര്‍ന്ന ഗൗണ്‍ അണിഞ്ഞാണ് ടുന്‍സി വിശ്വസുന്ദരി പട്ടം അണിഞ്ഞത്. സ്വിംസ്യൂട്ട്, ഈവനിങ് ഗൗണ്‍, ചോദ്യോത്തരം എന്നീ റൗണ്ടുകളിലായാണ് തൊണ്ണൂറോളം മത്സരാര്‍ത്ഥികളില്‍ നിന്നാണ് 68 -ാമത്തെ മിസ് യൂണിവേഴ്‌സ് - 2019 തിരഞ്ഞെടുപ്പ് നടന്നത്. 2018 ലെ വിശ്വസുന്ദരിയായ ഫിലിപ്പിന്‍സിന്‍റെ കാട്രിയോണ ഗ്രേ ആണ് സോസിബിനി ടുന്‍സിയെ വിശ്വസുന്ദരി കിരീടം അണിയിച്ചത്.


'തൊലിയുടെ നിറവും, തലമുടിയും നോക്കി സ്ത്രീകളുടെ സൗന്ദര്യം വിലയിരുത്തുന്ന ലോകത്താണ് ഞാന്‍ വളര്‍ന്നത്, ഞാന്‍ ചിന്തിക്കുന്നത് ഇതിന്നിവിടെ അവസാനിക്കണമെന്നാണ്. കുട്ടികള്‍ എന്‍റെ മുഖത്തേക്ക് നോക്കണം, എന്‍റെ മുഖം കാണണം, അവരുടെ മുഖങ്ങള്‍ എന്നിലുടെ പ്രതിഫലിക്കണം...' മിസ് യൂണിവേഴ്‌സ് കിരീടം അണിയുന്നതിനു തൊട്ടുമുമ്പ് ടുന്‍സിയുടെ വാക്കുകള്‍ ലോകസൗന്ദര്യ വേദിയില്‍ ആഞ്ഞടിച്ചു.


ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അതേസമയം, മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ ഇന്ത്യന്‍ സുന്ദരി വര്‍തിക സിങ്ങിന് കഴിഞ്ഞില്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K