22 September, 2023 04:58:42 PM


ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസാന്‍



ചെന്നൈ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസാന്‍. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക. വെള്ളിയാഴ്ച നടന്ന മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് കോയമ്പത്തൂരിൽ മത്സരിക്കാനുള്ള പദ്ധതി കമൽഹാസന്‍ വെളിപ്പെടുത്തുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എംഎന്‍എം വിജയക്കൊടി പാറിക്കുമെന്നും കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽഹാസന്‍ യോഗത്തിൽ പറഞ്ഞു.

2018-ൽ കമൽഹാസന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു. തുടർന്ന് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിച്ച കമൽഹാസൻ, വെറും 1,728 വോട്ടുകൾക്ക് അകലെ നഷ്ടമായ വിജയമാകും ഇത്തവണ ലോക്സഭാ പോരിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുക. തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും എംഎൻഎം പ്രവർത്തകർ തയാറായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K