12 April, 2020 02:09:30 PM


കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു


                                

കൊല്ലം: അന്യസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവം നടന്നത് കൊല്ലം കുണ്ടറ ശ്രീശിവൻ ജംഗ്ഷനിലാണ്. കവിതാ ഭവനിൽ കവിത (28) യെയാണ് ബംഗാൾ സ്വദേശിയായ ഭർത്താവ് ദീപക് വെട്ടികൊലപ്പെടിത്തിയത്. കൊലപാതകത്തിന് ശേഷം ചെറുമൂട് ലക്ഷ്മി സ്റ്റാർച് ഫാക്ടറിക്ക് സമീപത്തുള്ള കാട്ടിനുള്ളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പന്ത്രണ്ടു വർഷം മുൻപാണ് ദീപക് കുണ്ടറയിൽ എത്തിയത്. ശേഷം കവിതയെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് ലക്ഷ്മി (9), കാശിനാഥൻ (7) എന്നി രണ്ട് കുട്ടികളുമുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ കഴിഞ്ഞിരുന്ന ദീപക് കവിത നിരന്തരമായി ഫോൺ വിളിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കവിതയുടെ മാതാവ് വാർഡ് മെമ്പറെ വിളിച്ചു ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചതാണ്.

ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് കവിത പറഞ്ഞിരുന്നു. എന്നാൽ ഇന്നലെയും ഇത് തുടർന്നതിനെ ചൊല്ലി വീണ്ടും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും കോടാലി കൊണ്ട് കവിതയെ വെട്ടികൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കഴുത്തിലായി ആഴത്തിലുള്ള ആറോളം മുറിവുകൾ ഉണ്ടായിരുന്നു. കവിത തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K