15 February, 2021 12:41:53 PM


വിവാഹത്തിന് എതിരുനിന്നതിന് 5 പേരെ കൊന്നുതള്ളിയ ഗുസ്തി കോച്ച് പിടിയില്‍



ദില്ലി: വെള്ളിയാഴ്ച  വൈകിട്ട് ഹരിയാനയിലെ ജാട്ട് കോളജിന്‍റെ ഗുസ്തി അക്കാദമിയിലുണ്ടായ വെട‌ിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ട സംഭവത്തിൽ സോനിപത്തിൽനിന്നുള്ള ഗുസ്തി കോച്ച് സുഖ്‍വിന്ദർ സിങ്ങിനെ ദില്ലിയിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുസ്തിക്കാരനും അക്കാദമിയുടെ തലവനുമായ മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക് (റെയിൽവേ), രാജ്യാന്തര റഫറിയും പരിശീലകനുമായ സതീഷ് ദലാൽ, ഗുസ്തിക്കാരായ പ്രദീപ് മാലിക്, പൂജ എന്നിവരാണു കൊല്ലപ്പെട്ടത്. മനോജിന്റെയും സാക്ഷിയുടെയും നാലു വയസ്സുള്ള മകൻ പരുക്കുകളോടെ ആശുപത്രിയിലാണ്.


അക്കാദമിയിലെ ജോലിയിൽനിന്ന് നീക്കുകയും അവിടേക്കു പ്രവേശനം നിഷേധിക്കുകയും ചെയ്തതിൽ സുഖ്‌വിന്ദർ പ്രകോപിതനായിരുന്നെന്നു പൊലീസ് പറഞ്ഞു. അക്കാദമിയിൽ പരിശീലനം നേടിയിരുന്ന പൂജയെ വിവാഹത്തിനു നിർബന്ധിച്ചെന്നും ഉപദ്രവിച്ചെന്നും ആരോപിച്ചാണ് സുഖ്‌വിന്ദറിനെതിരെ നടപടിയെടുത്തത്. ചില പരാതികൾ ലഭിച്ചതിനെത്തുടർന്ന് മനോജ് മാലിക് പ്രതിയെ സഹായിയുടെ സ്ഥാനത്തുനിന്നു നീക്കിയിരുന്നതായി റോത്തക് പൊലീസ് സൂപ്രണ്ട് രാഹുൽ ശർമ പറഞ്ഞു. മഥുരയിൽ താമസിക്കുന്ന പൂജയുടെ മാതാപിതാക്കൾ സുഖ്‌വിന്ദറിനെതിരെ പരാതി നൽകിയിരുന്നു.


ഇക്കാര്യം സംസാരിക്കുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് അക്കാദമിയിൽ യോഗം വിളിച്ചു. ഒന്നാം നിലയിലെ മുറിയിലാണ് അവർ കൂടിക്കാഴ്ച നടത്തിയത്. ഡസൻ കണക്കിനു ട്രെയിനികൾ താഴെ പരിശീലനം നടത്തുന്നുണ്ടായിരുന്നു. പൊടുന്നനെ വാതിൽ പൂട്ടിയ സുഖ്‍വിന്ദർ എല്ലാവരെയും വെടിവച്ചുകൊല്ലുകയായിരുന്നു – പൊലീസ് വ്യക്തമാക്കി.


സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഡൽഹി, ഹരിയാന പൊലീസിന്റെ സംയുക്ത നീക്കത്തിൽ സമയ്പുർ ബഡ്‌ലിയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുഖ്‌വിന്ദറിന്റെ പേരിൽ ആയുധങ്ങളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.


കുടുംബവുമായുള്ള ബന്ധം വഷളായപ്പോൾ സുഖ്‌വിന്ദറിനെ പിന്തുണച്ചിരുന്നയാളാണു കൊല്ലപ്പെട്ട മനോജ് എന്ന് പിതാവ് സുന്ദർ സിങ് മാലിക് ഓർമിച്ചു. അടുത്തിടെ, സുഖ്‌വിന്ദർ ഒരു വനിതാ ഗുസ്തിക്കാരിയെ ഉപദ്രവിച്ചെന്നും വിവാഹം കഴിക്കാൻ നിർബന്ധിച്ചെന്നും പറഞ്ഞ മനോജ്, അയാളെ തൽസ്ഥാനത്തുനിന്നു നീക്കിയതായി അറിയിച്ചിരുന്നെന്നും പിതാവ് കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K