21 September, 2021 07:31:57 PM


"ഇനി എനിക്ക് പറ്റൂല ഉമ്മാ"; സ്കൂൾ വേഗം തുറക്കണം എന്ന് മന്ത്രിയോട് കുഞ്ഞാവ



കല്പറ്റ: "ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല"; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി. സ്കൂൾ വേഗം തുറക്കണം എന്നായിരുന്നു മന്ത്രിയോട് കുഞ്ഞാവയുടെ ആവശ്യം.


വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ഞാവ എന്ന തൻഹ ഫാത്തിമയുടെ വീഡിയോ വൈറൽ ആയിരുന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തന്നെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. കുഞ്ഞാവയെ കണ്ടെത്തി മന്ത്രി വീഡിയോ കോൾ ചെയ്തു.


സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു കുഞ്ഞാവയുടെ ആവശ്യം. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന കാര്യം മന്ത്രി കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ല എന്നും ടീച്ചർമാരുമായി നേരിൽ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം കുഞ്ഞാവ മന്ത്രിയോട് പങ്കുവച്ചു. തനിക്ക് സ്കൂൾ തന്നെ കാണാൻ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ മന്ത്രിയോട് പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് മന്ത്രി കുഞ്ഞാവയെ ആശ്വസിപ്പിച്ചു. വയനാട്ടിൽ വരുമ്പോൾ തന്നെ നേരിൽ കാണുവാൻ വരണമെന്ന കുഞ്ഞാവയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.


കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തിൽ വലിയ മാനസിക സമ്മർദമാണ് കുട്ടികൾ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠന പാതയിൽ കുട്ടികളെ നിലനിർത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.



Share this News Now:
  • Google+
Like(s): 3.7K