12 February, 2016 04:03:33 AM


ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ഫ്രീ ബേസിക് സേവനം നിര്‍ത്തലാക്കുന്നു



ദില്ലി : ഫെയ്‌സ് ബുക്ക് വിവാദ സേവനമായ സൗജന്യ ഇന്‍റര്‍നെറ്റ് പ്ളാറ്റ്ഫോം പദ്ധതിയായ 'ഫ്രീ ബേസിക്സ്' ഇന്ത്യയില്‍ നിര്‍ത്തലാക്കുന്നു. നെറ്റ് സമത്വത്തിന് വെല്ലുവിളി ഉയര്‍ത്തിയ 'ഫ്രീ ബേസിക്സ്' സേവനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇനി  ലഭ്യമാകില്ലെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനുള്ള നീക്കം ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) തടഞ്ഞതോടെയും ഇന്റര്‍നെറ്റ് സമത്വം ഉറപ്പുവരുത്തുമെന്ന ട്രായ്യുടെ തീരുമാനത്തെ തുടര്‍ന്നുമാണ് നടപടി. എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റെന്ന പേരില്‍ മൊബൈല്‍ കമ്പനികളുമായി സഹകരിച്ച് ചില വെബ്സൈറ്റുകള്‍ മാത്രം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ സേവനദാതാക്കളില്‍ നിന്നും ദിവസം 50,000 രൂപമുതല്‍ 50ലക്ഷം വരെ പിഴയീടാക്കുമെന്നും ട്രായ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ സൂക്കര്‍ബര്‍ഗ് കഴിഞ്ഞദിവസം നിരാശ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, കണക്ടിങ്ങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എല്ലാവര്‍ക്കും നെറ്റ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും സൂക്കര്‍ ബര്‍ഗ് തന്റെ ഫെയ്ബുക്ക്  പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ഫ്രീ ബേസിക്‌സ് കാമ്പയിന്റെ പരസ്യത്തിനു വേണ്ടി ഇന്ത്യയില്‍ മാത്രം ഫെയ്‌സ്ബുക്ക് ചിലവഴിച്ചത് 300കോടി രൂപയാണ്. ഇന്ത്യയില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച കാമ്പയിനും ഇതാണ്. എല്ലാ ആളുകള്‍ക്കും ലഭ്യമാവത്തക്ക രീതിയിലും, ഡാറ്റയ്ക് പണമടക്കാന്‍ കഴിയാത്തവര്‍ക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക്  വേണ്ടിയാണ് ഫ്രീ ബേസിക്‌സ് ആവിഷ്‌കരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ സൂക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

എന്നാല്‍ പരസ്യ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദങ്ങളാണെന്നും അത് വിശ്വസനീയമല്ലെന്നുമുള്ള രീതിയില്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഉപഭോക്താക്കളുടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ നെറ്റ് സമത്വമാവശ്യപ്പെട്ടുള്ള സമരം ശക്തമായതോടെയാണ് ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് പേരുമാറ്റി ഫ്രീ ബേസിക്സ് ആക്കി പുനരവതരിപ്പിച്ചത്. ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് 17 രാജ്യങ്ങളില്‍ നടപ്പാക്കിയതായും ഫേസ്ബുക്ക് അവകാശപ്പെടുന്നു.

പദ്ധതിക്കെതിരെ ടെലികോം അതോറിറ്റിക്കും ഒരുപാട് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ട്രായ് നെറ്റ് സമത്വം ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും നിരക്കില്‍ തുല്ല്യത പാലിക്കുന്നതിലും വിവേചനം പാടില്ലെന്നുമുള്ള തീരുമാനത്തിലെത്തിയത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K