04 June, 2016 12:25:41 AM


ലോകത്തിലെ ഏറ്റവും വിലക്കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ; വില 'ഒന്‍പത് ലക്ഷം'

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലക്കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇസ്രയേല്‍ കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയായ സിറില്‍ ലാബ്‌സ്. ഒരു സ്മാര്‍ട്ട്‌ഫോണിന് ഇതിന് മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത വിലയാണ് കമ്പനി തങ്ങളുടെ പുതിയ ഫോണിന് നല്‍കിയിരിക്കുന്നത്. ഒന്‍പത് ലക്ഷം രൂപ. സൊളാറിന്‍ എന്നാണ് ഈ വമ്പന്‍ വിലയുള്ള ഫോണിന്റെ പേര്.


നിരവധി നൂതന സാങ്കേതിക വിദ്യകളുമായാണ് സൊളാറിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ സംരക്ഷണത്തിനായി ഫിംഗര്‍ സെന്‍സര്‍, സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രത്യേക സംവിധാനം, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍, ഇവയെക്കൂടാതെ പൊടിയേയും വെള്ളത്തേയും സൊളാറിന്‍ പ്രതിരോധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.


നാലായിരം എംഎഎച്ച് ബാറ്ററി കപ്പാസിറ്റി വാഗ്ദാനം നല്‍കുന്ന സൊളാറിന് 31 മണിക്കൂറാണ് സംസാര ദൈര്‍ഘ്യം. 24 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 4 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഫോണിന്റെ മറ്റു ചില പ്രത്യേകതകളാണ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. നിലവില്‍ ലണ്ടനിലുള്ള കമ്പനി ഷോറൂമുകളില്‍ നിന്നും മാത്രമാണ് ഫോണ്‍ ലഭ്യമാകുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K