29 March, 2016 12:59:01 PM


പി.എസ്.എല്‍.വി.സി-34 22 ഉപഗ്രഹങ്ങളുമായി മെയില്‍‍ ബഹിരാകാശത്തേക്ക് കുതിച്ചുയരും




തിരുവനന്തപുരം: ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കൃത്രിമോപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി.-സി 34 മെയ് മാസത്തില്‍ ബഹിരാകാശത്തേക്ക് കുതിക്കും. 10 പേലോഡുകള്‍ വിജയകരമായി വിക്ഷേപിച്ച സി-9ന്റെ റെക്കോഡ് മറികടക്കാനാകും 22 കൃത്രിമോപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. കുതിക്കുക.

ഒരു കിലോ വരെയുള്ള കൃത്രിമോപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന പേലോഡുകളുടെ ആകെ ഭാരം ഒന്നര ടണ്‍ ആയിരിക്കും. 2008 ഏപ്രിലില്‍  പി.എസ്.എല്‍.വി. സി-9 പതിപ്പില്‍ വിക്ഷേപിച്ച ഇന്ത്യയുടെ രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ കൂടാതെ മറ്റു രാജ്യങ്ങളുടെ എട്ടെണ്ണംകൂടി ഉള്‍പ്പെട്ടിരുന്നു. അതായിരുന്നു ഇന്ത്യയുടെ വിക്ഷേപണചരിത്രത്തിലെ ഇതുവരെയുള്ള റെക്കോഡ്.


ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശ്രേണിയിലെ ഏഴാമത്തേതും അവസാനത്തേതുമായ ഐ.ആര്‍.എന്‍.എസ്. 1 എ അടുത്തമാസം വിക്ഷേപിക്കുന്നതോടെ ഗതിനിര്‍ണയത്തിനായി ഇന്ത്യക്ക് സ്വന്തം സംവിധാനത്തെ ആശ്രയിക്കാനുമാകും.

തുമ്പ വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ വികസിപ്പിച്ച് ഏകോപനവും പരീക്ഷണവും അന്തിമഘട്ടത്തിലായ ആര്‍.എല്‍.വി.-ടി.ഡി. ഒരാഴ്ചയ്ക്കകം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ഐ.എസ്.ആര്‍.ഒ.യുടെ ബെംഗളൂരൂ കേന്ദ്രത്തിലെത്തിക്കും. മെയ് ആദ്യവാരത്തോടെ വിക്ഷേപണം നടത്തുമെന്നാണ് സൂചന. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K