07 January, 2016 02:20:04 PM
വീഡിയോ സ്ട്രീമിംഗ് സര്‍വ്വീസ് രംഗത്തെ വമ്പന്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെത്തി
വീഡിയോ സ്ട്രീമിംഗ് സര്‍വ്വീസ് രംഗത്തെ വമ്പന്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലുമെത്തി. ഇന്ത്യയില്‍ ഫോര്‍ ജി സേവനങ്ങള്‍ വ്യാപകമായതോടെയാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലേക്കുമെത്തുന്നത്. ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന , ഇന്റര്‍നെറ്റില്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വരവ്. സ്മാര്‍ട്ട് ടിവിയിലോ ഫോണിലോ ടാബ്‌ലെറ്റിലോ നെറ്റ്ഫ്‌ളിക്‌സ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ടെലിവിഷന്‍ ഷോകളോ സിനിമകളോ ആസ്വദിക്കുന്നതിന് സാധിക്കും.
2016 അവസാനത്തോടെ 200 രാജ്യങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കുക എന്നതിന്റെ ഭാഗമായാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലുമെത്തുന്നത്. ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങള്‍ ആദ്യമാസം സൗജന്യമായിരിക്കും നല്‍കുക. പിന്നീടുള്ള മാസങ്ങളില്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന പ്ലാനുകള്‍ക്ക് അനുസരിച്ചായിരിക്കും സേവനങ്ങള്‍
ഇന്ത്യയില്‍ പ്രതിമാസം 500 രൂപയുടെ കുറഞ്ഞ നിരക്കുമുതല്‍ നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങള്‍ ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ് പായ്ക്കിന് 650 രൂപയും പ്രീമിയം പായ്ക്കിന് 800 രൂപയുമാണ് ഈടാക്കുക. ക്രെഡിറ്റ് കാര്‍ഡ് വഴിയായാണ് നെറ്റ്ഫ്‌ളിക്‌സ് പണമിടപാടുകള്‍ നടത്തുന്നത്. 500 രൂപയുടെ പ്ലാനില്‍ വീഡിയോകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്ലാരിറ്റിയും 650 രൂപയുടെ പാക്കില്‍ ഹൈ ഡെഫനിഷനും 800 രൂപയുടെ പാക്കില്‍ അള്‍ട്രാ ഹൈ ഡെഫനിഷന്‍ വീഡിയോകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നല്‍കുക.
നെറ്റ്ഫ്‌ളിക്‌സിലെ ഒരു അക്കൗണ്ടില്‍ നിന്ന് ഒരെ സമയം വിവിധ ഡിവൈസുകളില്‍ ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാന്‍ സാധിക്കും. അതായത് ലാപ്‌ടോപ്പിലോ സ്മാര്‍ട്‌ഫോണിലോ , ടാബിലോ ഉപയോഗിക്കാം. എന്നാല്‍ ഇങ്ങനെ ഉപയോഗിക്കാന്‍ പറ്റുന്ന ഡിവൈസുകളുടെ എണ്ണം പ്ലാനുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം. 500 രൂപയുടെ പ്ലാനില്‍ ഏതെങ്കിലും ഒരു സ്‌ക്രീന്‍ മാത്രമായിരിക്കും അനുവദിക്കുക. ഇത് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ 650 രൂപയ്ക്ക് രണ്ട് സ്‌ക്രീനുകളും 800 രൂപയ്ക്ക് നാല് സ്‌ക്രീനുകളും അനുവദിക്കും.