22 January, 2019 11:45:58 AM


ക്ഷേത്ര ബിംബങ്ങൾക്ക് പകരം കുരിശു രൂപം; പള്ളി തിരുനാളിന് പുതുമയായി കാവടിയാട്ടവും



രാമപുരം: പാലാ രൂപതയിലെ ഏഴാച്ചേരി സെന്‍റ് ജോൺസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തിലാണ് കാവടിയാടിയത്. ഒന്നല്ല, മൂന്നു സെറ്റുകാവടികൾ. വൈകിട്ട് പള്ളി മൈതാനിയിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടെ കാവടിയാടി. തുടർന്ന് വിശുദ്ധ രൂപങ്ങളും, പൊൻ - വെള്ളിക്കുരിശുകളും മുത്തുക്കുടകളുമേന്തി പ്രാർത്ഥനാ സ്തോത്രങ്ങളോടെ വിശ്വാസികൾ അണിചേർന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിലും കാവടികൾ അകമ്പടിയായി.


നിലക്കാവടികളിൽ വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി. ബൾബുകൾ ഘടിപ്പിച്ച് മനോഹരമാക്കിയിരുന്നു. സാധാരണയായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കാവടികളുടെ മേൽത്തട്ടിൽ രൂപഭേദങ്ങൾ വരുത്തിയ കാവടികളാണ് പള്ളി പ്രദക്ഷിണത്തിന് എഴുന്നള്ളിച്ചത്. കാവടികളിലെ  ക്ഷേത്ര ബിംബങ്ങൾക്ക് പകരം കുരിശു രൂപമാണ് ഘടിപ്പിച്ചിരുന്നത്. വിശ്വാസികൾക്കൊപ്പം, പ്രദക്ഷിണം കാണാൻ തടിച്ചുകൂടിയ നാനാജാതി മതസ്ഥർക്കും, പെരുന്നാൾ കാവടിയാട്ടം വിസ്മയവും, ആശ്ചര്യവുമുണർത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K