22 August, 2019 08:41:40 PM


എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ കടന്ന യുവാവ് കഞ്ചാവും എംഡിഎംഎയും സഹിതം പിടിയില്‍




കല്‍പ്പറ്റ: മുത്തങ്ങ ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞ പ്രതിയെ സുല്‍ത്താന്‍ ബത്തേരി എക്സൈസ് സംഘം പിടികൂടി. മലപ്പുറം സ്വദേശി അജ്നാസി(26)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും അഞ്ച് കിലോ കഞ്ചാവും 390 ​ഗ്രാം എംഡിഎംഎ എന്നിവയും പിടികൂടിയിട്ടുണ്ട്.


KL 65 C 6864 നമ്പര്‍ മാരുതി റിറ്റ്സ് കാറിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. മുത്തങ്ങയിലെ ബൈജു ചെക്ക് പോസ്റ്റില്‍വച്ച്‌ വാഹന പരിശോധനയ്ക്കിടെ അജ്നാസിന്റെ കാറിന്റെ ബോണറ്റ് തുറക്കാന്‍ ഉദ്യോ​ഗസ്ഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വാഹന പരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥരെ തള്ളിമാറ്റി അജ്നാസ് വാഹനവുമെടുത്ത് കടന്നുകളഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് അതിര്‍ത്തിയായ ചീരാലില്‍ വച്ച്‌ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് മൊബൈല്‍ കവറില്‍ ഒളിപ്പിച്ച നിലയില്‍ 390 ​ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.


അജ്നാസ് വാഹനം ഓടിച്ചു പോയ വഴികളിലൂടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ തള്ളിയ നിലയില്‍ അഞ്ച് കിലോ കഞ്ചാവും കണ്ടെടുത്തു. റോഡരികില്‍ കാര്‍ നിര്‍ത്തി അജ്നാസ് ബോണറ്റ് തുറന്ന് കുറച്ച്‌ പൊതിക്കെട്ടുകള്‍ പുഴയില്‍ വലിച്ചെറിഞ്ഞതായി കണ്ടെന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോ​ഗസ്ഥനെ സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K