30 March, 2020 06:37:51 PM


കേരളത്തില്‍ ഇന്ന് 32 പുതിയ കൊവിഡ് കേസുകള്‍: ആകെ രോഗബാധിതര്‍ 213



തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി കേസുകള്‍ 32 പുതിയ റിപ്പോ‍ര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പർക്കത്തിലൂടെ വന്നതാണ്. കാസര്‍കോട് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.‌ ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി. 


‌സംസ്ഥാനത്ത് 1,57,253 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 156660 പേര്‍ വീടുകളില്‍. 623 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതില്‍ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതല്‍ വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്ന് റാന്നി സ്വദേശികളും ബന്ധുക്കളായ രണ്ട് പേരും കൊവിഡ് രോഗബാധ ഭേദമായി ആശുപത്രി വിട്ട ദിവസം കൂടിയാണ് ഇന്ന്. ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും അടക്കം ഇവരെ യാത്രയയക്കാനെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K