08 October, 2026 08:16:00 PM
ക്ഷയരോഗ മുക്തഭാരതം; ജോഷ് ടീമിന്‍റെ പ്രവർത്തനത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി

കോട്ടയം: ക്ഷയരോഗ മുക്തഭാരതം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന ജോഷ് (ജോയിന്‍റ് സ്‌ക്വാഡ് ഫോർ ഹെൽത്ത്) ടീമിന്‍റെ പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ദേശീയതലത്തിലുള്ള ഉദ്ഘാടന ചടങ്ങിന്‍റെ തത്മസയ പരിപാടിയിൽ വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുത്താണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്. എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സി.ജെ. സിത്താര അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ ജോഷ് ടീമിന്‍റെ ജില്ലയിലെ പ്രവർത്തനങ്ങളുടെ ഫ്‌ളാഗ് ഒഫ് നിർവഹിച്ചു
ജില്ലയിൽ മികച്ച ടി.ബി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. ടി.ബി നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച റീലുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൈഭാരത് വോളിണ്ടിയർമാർക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ക്ഷയരോഗ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കോളജുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചു ചിത്രരചനാമത്സരം നടത്തി. ജോഷ് വോളിണ്ടിയർമാർക്കുള്ള ക്ലാസിന് കോട്ടയം ടി.ബി സെന്‍റര്‍ കൺസൾട്ടന്‍റ് പൾമനോളജിറ്റ് ഡോ. കെ.എം. ശ്രീജ നേതൃത്വം നല്‍കി. കോട്ടയം 16 കെ എൻ.സി.സി ബറ്റാലിയനെ പ്രതിനിധി സുബേദാർ പ്രബീഷ്, ജില്ലാ ടി.ബി ഓഫീസർ ഡോ. ശ്രീജിത്ത് ബാബു എന്നിവർ പങ്കെടുത്തു.
ക്ഷയരോഗ ലക്ഷണങ്ങൾ, നേരത്തെയുള്ള പരിശോധന, ചികിത്സ, പോഷകാഹാരം, പ്രതിരോധം എന്നിവയെക്കുറിച്ച് ഗൃഹസന്ദർശനത്തിലൂടെയും സമൂഹ ബോധവത്ക്കരണത്തിലൂടെയും അവബോധം സൃഷ്ടിക്കുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് 'ജോഷ്' വോളണ്ടിയർമാർ പ്രവർത്തിക്കുന്നത്.





