03 October, 2026 06:24:42 PM


ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാ കേന്ദ്രം തിങ്കളാഴ്ച നാടിന് സമർപ്പിക്കും



കോട്ടയം: സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്‌ടോബർ അഞ്ചിന് (തിങ്കൾ) വൈകിട്ട് ആറിന് കോട്ടയം മെഡിക്കൽ കോളജിൽ ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി  കെ. മുരളീധരൻ നിർവഹിക്കും.  മെഡിക്കൽ കോളജ് ഗോൾ മെഡക്‌സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ-ഭവനനിർമാണ വകുപ്പ്് മന്ത്രി അഡ്വ. മോൻസ് ജോസഫ് മുഖ്യാതിഥിയാകും.നാട്ടകം സുരേഷ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നാഷണൽ ഹെൽത്ത് മിഷൻ സ്‌റ്റേറ്റ് ഡയറക്ടർ ഡോ. രേണു രാജ്, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരിമടം, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ബ്‌ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ബാബു, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടിജി തോമസ് വർഗീസ്, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, ആരോഗ്യകേരളം ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ജോയ് ജോൺ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ടി.ആർ. രാധ, സി.ടി.എച്ച്.സി.സി. നോഡൽ ഓഫീസർ അതുല്യ ജി. അശോക്, ഹിമോഫീലിയ സൊസൈറ്റി ഓഫ് ഇന്ത്യ കോട്ടയം ചാപ്റ്റർ പ്രസിഡന്റ് കെ.കെ. കുഞ്ഞ് എന്നിവർ പങ്കെടുക്കും.
 
രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ കുറവിനേത്തുടർന്നുണ്ടാകുന്ന ജനിതക രക്തസ്രാവരോഗമാണ് ഹീമോഫീലിയ. സമയബന്ധിത രോഗനിർണയം, ചികിത്സ, രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള ഘടകചികിത്സ, തുടർപരിചരണം എന്നിവ ഉറപ്പാക്കുന്നതിനാണ് പ്രത്യേക ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങൾ. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഹീമോഫീലിയ സെന്റർ സമീപ ജില്ലകളടക്കമുള്ളവർക്കു ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുന്ന പ്രധാനകേന്ദ്രമാണ്. ഈ സെന്ററിനെ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രമാക്കി ഉയർത്തുകയാണ്. സംസ്ഥാനത്തുതന്നെ ഇത്തരത്തിലുള്ള ആദ്യകേന്ദ്രമാണിത്.

പുതിയ സംവിധാനത്തിലൂടെ  വിവിധ രക്തസ്രാവ രോഗങ്ങൾക്ക് സമഗ്ര പരിശോധന, വിദഗ്ധചികിത്സ, തുടർപരിചരണം, അനുബന്ധ ആരോഗ്യ സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ച് ലഭ്യമാക്കാനാകും. ക്ലിനിക്കൽ വിദഗ്ധർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിദഗ്ധർ, പരിശീലനം നേടിയ നഴ്‌സിംഗ് ജീവനക്കാർ, പാത്തോളജിസ്റ്റുകൾ എന്നിവരോടൊപ്പം ഓർത്തോപീഡിക്സ്, ഡെന്റൽ സർജറി, ഗ്യാസ്‌ട്രോഎൻട്രോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും കേന്ദ്രത്തിൽ ലഭ്യമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302