21 November, 2026 07:29:01 PM
കോട്ടയം ജില്ലയിൽ 85277 കുട്ടികൾക്കു പോളിയോ വാക്സിൻ നൽകും

കോട്ടയം: അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കുള്ള പോളിയോ തുളളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 22 ഞായർ) രാവിലെ 10ന് കോട്ടയം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായിരിക്കും. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ ദിനാചരണ സന്ദേശം നൽകും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലയിൽ 85277 കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകുന്നത്. 1122 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. 35 ട്രാൻസിറ്റ് ബൂത്തുകളും 4 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു വയസുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകേണ്ടതാണ്. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പോളിയോ ബൂത്തുകൾ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളി ക്യാമ്പുകളിലെ മൊബൈൽ ബൂത്തുകളും നവംബർ 22, 23, 24 തീയതികളിൽ പ്രവർത്തിക്കും. നവംബർ 23, 24 തീയതികളിൽ വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് നവംബർ 22ന് തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങളടക്കം അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാവർക്കും തുള്ളിമരുന്ന് ലഭിച്ചെന്ന് ഉറപ്പാക്കും.




