09 May, 2020 01:25:56 PM


രോഗമുക്തി നേടിയ ശേഷവും പുരുഷ ബീജത്തിൽ കൊറോണ; ആശങ്ക ഉയർത്തി പഠനങ്ങൾ



ബെയ്​ജിങ്​: കോവിഡ്​ മഹാമാരിയോട്​ സർവ്വ ശക്തിയും സന്നാഹങ്ങളുമായി ചെറുത്തു നിൽക്കാൻ ശ്രമിക്കുകയാണ്​ ലോകം. ഇതിനിടയിൽ പുറത്തു വന്ന പഠനമാണ് വലിയ​ ആശങ്കക്കിടയാക്കുന്നത്​. കോവിഡ്​ രോഗത്തിൽ നിന്ന്​ മുക്തി നേടിയാലും പുരുഷ ബീജത്തിൽ കൊറോണ​ വൈറസ്​ നിലനിൽക്കുമെന്നാണ്​ പഠനം ചൂണ്ടിക്കാട്ടുന്നത്​. ലൈംഗിക ബന്ധത്തിലൂടെ ​രോഗം പകരാനുള്ള സാധ്യതയാണ്​ ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നതെന്ന്​ ചൈനീസ്​ ഗവേഷകരെ ഉദ്ധരിച്ച്​ അന്തർ ദേശീയ മാധ്യമമായ സി.എൻ.എൻ റി​പ്പോർട്ട്​ ചെയ്യുന്നു.


വൂഹാനിലെ ഷാങ്ക മുനിസിപ്പൽ ആശുപത്രിയിൽ കോവിഡ്​ ചികിത്സയിലായിരുന്ന 38 പുരുഷൻമാരിൽ ഒരു സംഘം ചൈനീസ്​ ഗവേഷകർ നടത്തിയ പരിശോധനയിലാണ്​ ബീജത്തിലെ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയത്​. ഇവരിൽ 16 ശതമാനം പേരുടെ ബീജത്തിലും കൊ​റോണ സാന്നിധ്യം കണ്ടെത്താൻ ഗവേഷകർക്ക്​ സാധിച്ചുവെന്ന്​ ജാമ നെറ്റ്​വർക്ക്​ ഓപൺ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.


പരിശോധനക്ക്​ വിധേയരാക്കിയവരിൽ കാൽ ഭാഗം രോഗികൾ കോവിഡ്​ ഗുരുതരമായി ബാധിച്ചവരും ഒമ്പത്​ ശതമാനം പേർ രോഗത്തിൽ നിന്ന്​ മുക്​തി നേടിക്കൊണ്ടിരിക്കുന്നവരുമായിരുന്നു. വൈറസ്​ പെരുകില്ലെങ്കിലും അത്​ ​ബീജത്തിൽ നില നിൽക്കുമെന്ന്​ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുവഴി വൈറസ്​ പടരുമോ എന്ന കാര്യം വ്യക്തമല്ല. എബോളയും സിക്ക വൈറസുമൊക്കെ ബാധിച്ച പുരുഷൻമാരുടെ ബീജത്തിൽ രോഗമുക്തി നേടി മാസങ്ങൾക്ക് ശേഷവും​ വൈറസ്​ സാന്നിധ്യം കണ്ടെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K