10 August, 2020 08:16:15 PM


ശബരിമല സന്ദര്‍ശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മന്ത്രി



തിരുവനന്തപുരം: കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ശബരിമല സന്ദര്‍ശനം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നുമാണ് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.


നവംബര്‍ 16ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം വന്നത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്‍ പെടാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കുന്നതിനാണ് യോഗം തീരുമാനിച്ചത്.


എന്നാല്‍ രോഗബാധയുടെ സാഹചര്യത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഇത്തവണത്തെ തീര്‍ത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും അനുബന്ധ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും മന്ത്രി കടകംപള്ളി യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K